Friday, 25 September 2015

സുഹൃത്തുക്കൾ

വിരലിൽ എണ്ണാവുന്ന സുഹൃത്തുക്കളെ എനിക്കുള്ളൂ. അതുകേട്ടവർ പറഞ്ഞു - "നിന്‍റെ മനോഭാവം ശരിയല്ല. നീയൊരു അന്തർമുഖനാണ്, സ്വാര്‍ത്ഥതനാണു. നന്നാവാൻ നോക്കട" എന്നൊക്കെ.

ഞാനൊരു മണ്ടൻ. അവർ പറഞ്ഞത് വിശ്വസിച്ചു കൂടുതൽ കൂട്ടുകാരെ ഉണ്ടാക്കാൻ ഇറങ്ങിത്തിരിച്ചു.

കുറച്ചുപേർ കള്ളുകുടിക്കാൻ ക്ഷണിച്ചു. താല്പര്യമില്ലതതിനാൽ ഇല്ല എന്ന് പറഞ്ഞു. അവർ കളിയാക്കി. പെണ്ണ് പിടിക്കാൻ ക്ഷണിച്ചു. ഇല്ല എന്ന്  പറഞ്ഞതിന് "നീയൊരു ആണാനോട " എന്ന് ചോദിച്ചു പുച്ചിച്ചു. കുറച്ചു പേരെ സഹായിച്ചു, അവർ എന്നെ നന്നായി തേച്ചു.

കൂട്ടുകാരെ "ഉണ്ടാക്കൽ" എനിക്ക് പറ്റിയ ഒരു പണിയല്ല എന്ന് കുറച്ചു വൈകിയാണെങ്കിലും മനസിലായി. ആ പരിപാടി നിർത്തി തിരിച്ചു പോരുന്ന വഴിക്ക് എന്‍റെ പഴയ കൂട്ടുകാരെ കണ്ടു. സ്വർഗത്തിൽ തിരിച്ചെത്തിയ പ്രതീതി. ഞങ്ങൾ ഒരുമിച്ചു തട്ടുകടയിലേക്ക്‌ നടന്നു. എനിക്ക് പറ്റിയ അമളി പറഞ്ഞു ചിരിച്ചു ചിരിച്ചു ഒരു സുഭ ദിനം കൂടി.

സുഹൃത്തുക്കളെ "ഉണ്ടാക്കുന്നതല്ല", അവർ നമ്മൾ അറിയാതെ "ഉണ്ടാകുന്നതാണ്"...

ജയം

നമ്മളുടെ പദ്ധതികളെ തകർത്തുകളയുന്ന ചില നിമിഷങ്ങളുണ്ട്‌ ജീവിതത്തിൽ, ഒട്ടും പ്രതീക്ഷികാത്ത നിമിഷങ്ങൾ.

നമ്മളെ ശരിക്കും സ്നേഹിക്കുന്നവർ ആരൊക്കെയുണ്ട് എന്നറിയുന്നത് അപ്പോഴായിരിക്കും. അതുകൊണ്ട് അവർക്കുവേണ്ടിയെങ്കിലും നമ്മൾ ജയിക്കണം. നമ്മൾക്കുവേണ്ടി നിന്നതിന്റെ പേരിൽ അവർ പിന്നീട് സന്തോഷിക്കണം.

അല്ലെങ്കിൽ പിന്ന്നെ നമ്മളുടെ ജീവിതത്തിനു എന്തർത്ഥം?

Saturday, 19 September 2015

കോഴിക്കറി

ചെറുപ്പത്തിൽ ഞാൻ കോഴിക്കറി കണ്ടിട്ടുള്ളത് ഞായർ ദിവസങ്ങളിൽ മാത്രമായിരുന്നു. കാലത്ത് എണീക്കുംബോതന്നെ വീട്ടിൽ മണം പരന്നിട്ടുണ്ടാകും. അമ്മ കോഴിക്കറി ഉണ്ടക്കുന്നതിന്റെ തിരക്കിലാണ്. ഞാനും അനിയത്തിയും അമ്മയുടെ ചുറ്റിപറ്റി അങ്ങനെ നിക്കും.

അമ്മയുടെ സ്നേഹം പലതരത്തിൽ ഞങ്ങൾ അനുഭവിച്ചിട്ടുണ്ട്. അതിലൊന്നാണ് കൊഴികഷ്നതിന്റെ വലുപ്പം. എനിക്കും അനിയത്തിക്കും ഏറ്റവും വലിയ നല്ല കഷ്ണങ്ങൾ. അച്ഛന് അതിന്റെ ചെറുത്‌. അമ്മ കഴിച്ചിരുന്നത് ഏറ്റവും ചെറിയ കഷ്ണങ്ങൾ.

ഇത് അമ്മയുടെ സ്നേഹത്തിന്റെ ഒരു ഉദ്ധാഹരണം മാത്രം. ഞങ്ങള്ക്ക് വേണ്ടി അമ്മ പറയാതെ ചെയ്ത ത്യാഗങ്ങൾ എന്തൊക്കെയാണെന്ന് അമ്മ ഒരിക്കലും പറഞ്ഞിട്ടില്ല.

Friday, 18 September 2015

ഹിന്ദി

ഹിന്ദി പഠിക്കുന്നത് എനിക്കിഷ്ട്ടമല്ലായിരുന്നു. രണ്ടാം ഭാഷ മലയാളം മതി എന്ന് ഞാൻ പറഞ്ഞതാണ്‌.

എത്രയൊക്കെ ശ്രമിച്ചിട്ടും എനിക്കത് പഠിക്കാൻ കഴിഞ്ഞില്ല. എന്തിനതികം - കസേര ആണാണോ പെണ്ണാണോ എന്ന്  ഇന്നും എനിക്കറിയില്ല.

എങ്ങനെയൊക്കയോ ഒരുവിധം ജയിച്ചുമുന്നേരി. ഞാൻ ചെയ്തത് ഇത്രമാത്രം. ഹിന്ദിയെ ഞാൻ മലയലവൽക്കരിചു.

'ആശ്ചാര്യഹോഗയ', 'കഷ്ട്ടുഹോഗയ' തുടങ്ങിയ മലയാള-ഹിന്ദി വാക്കുകളാൽ ഞാൻ പടവെട്ടി ജയിച്ചു മുന്നേറി...

അവൾ - ഭാഗം 1

അവൾ എന്നും ഒരു സ്റ്റാർ ആയിരുന്നു. പഠിത്തത്തിലും എല്ലാത്തിലും. നാലാംക്ലാസ്സിൽ പഠിക്കുമ്പോൾ അവളോട്‌ തോന്നിയത് പ്രണയമാണ് എന്ന് പറഞ്ഞാൽ ആരും ചിരിക്കും.

അവൾക്കുചുറ്റും കുറച്ചുപേർ ഉണ്ടായിരുന്നു. ക്ലാസ്സിലെ മറ്റു പഠിപ്പിസ്റ്റുകൾ. അവർ മുൻനിരയിൽ എന്നും സ്ഥാനം ഉറപ്പിച്ചപ്പോൾ കഷ്ട്ടിച്ചു പാസ് മാർക്ക് മേടിച്ചിരുന്ന ഞാൻ  ലാസ്സ്റ്ബഞ്ചിൽ സ്ഥാനം നേടി. അവളോട്‌ സംസാരിക്കാനുള്ള ധൈര്യം പോലും എനിക്കുണ്ടായില്ല.

അങ്ങനെ ഒരുനാൾ അവൾ ടൌണിലെ സ്കൂളിലേക്ക് മാറിപോയി. പുതിയ അധ്യായനവർഷം അവളില്ലെന്ന അറിവ് എനിക്ക് പുതുമയില്ലാത്ത ഒരു വേദനയെ പരിചയപെടുത്തി. അത് പ്രണയമായിരുന്നു എന്ന് എനിക്കറിയില്ലായിരുന്നു.

വർഷങ്ങൾ കഴിഞ്ഞു. കോളേജ് കാലം. നിമിത്തമെന്നപൊലെ അവളുടെപേര് ആരോ പറയുന്നത് ഞാൻ കേട്ടു. മണ്ണടിഞ്ഞ ആ പ്രണയം എരിയുന്ന കനൽകണക്കെ ജ്വലിച്ചു. കുറച്ചു കഷ്ടപെട്ടെങ്കിലും അവളുടെ വീട്ടിലെ ഫോണ്‍ നമ്പർ ഞാൻ കണ്ടുപിടിച്ചു.

ഒരു ന്യൂഇയർ തെലേന്നു ഞാൻ അവളുടെ സ്വരം വീണ്ടും കേട്ടു.

ആ ദിവസത്തിന് ഒരു അതിമതുരം ഉണ്ടായിരുന്നു. ഇത്രയും വർഷങ്ങൾക്കു ശേഷവും ആ ദിവസത്തെപറ്റി ആലോചിക്കുമ്പോൾ, അന്ന് ഞാൻ അനുഭവിച്ച അതേ വികാരം, അതേ അളവിൽ...

പാട്ട്

ഒരു പാട്ടുകാരനാകണമെന്നു വലിയ ആഗ്രഹമായിരുന്നു (ഇപ്പോഴും അതെ). അമ്മയോട് അത് സൂചിപ്പിച്ചു. കേൾക്കാൻ കാലങ്ങളായി അമ്മ കാത്തിരിക്കുന്നു എന്ന് തോന്നിപ്പിക്കുംവിധം അന്നുതന്നെ എന്നെ പാട്ടുപടിക്കാൻ വിട്ടു.

മാഷിനെ കണ്ടപാടെ ഞാൻ പറഞ്ഞു "എനിക്ക് രണ്ടു ദിവസംകൊണ്ട് ഒരു പാട്ട് പഠിക്കണം. സ്കൂൾ ഡേയാണ് ". "പിന്നെന്താ" എന്ന് മാഷ്.

"പുലരിതൂമഞ്ഞു തുള്ളിയിൽ പുഞ്ചിരിയിട്ടു പ്രഭന്ജം" എന്ന യേശുദാസിന്റെ പ്രശസ്തമായ പാട്ടിന്റെ കാസറ്റ് തന്നു മാഷ്‌. അതുമായി വീട്ടിലേക്കു പാഞ്ഞു. പഠനം ആരംഭിച്ചു. അമ്മ ചുക്കുകാപ്പി ഉണ്ടാക്കി തന്നു.

ഒരു മണിക്കുറിനു ശേഷം അമ്മ വന്നുനൊക്കിയപ്പൊ, രണ്ടാംവരിയിലെ ഭാരം താങ്ങാനനുരാതെ വീണുടഞ്ഞ നീര്മണിയുടെ അവസ്ഥയായിരുന്നു എനിക്ക്.

പിന്നീട് ഒരു പാട്ടുപടിക്കൽ സാഹസത്തിനു ഞാൻ ശ്രമിച്ചിട്ടില്ല.

എന്നാലും നല്ലപാട്ടുകൾ കേൾക്കുമ്പോൾ പാടാൻ ഒരു ആവെശംതോന്നും. ഉടനെ മൊബൈലിലെ റെക്കോർഡർ ഓണ്‍ ചെയ്തു പാടും. കേട്ടുനോക്കുമ്പോ മനസിലാകും അത് എനിക്കുപറ്റിയ പണിയല്ല എന്ന്.

എന്നാലും നന്നാവില്ല.

മണ്ണ്

35 വർഷമായി ഈ മരുഭുമിയിൽ വന്നിട്ട്.

പ്രതീക്ഷകൾക്ക് വിരാമമിട്ടുള്ള മഴയുടെ വരവും, പുതുമണ്ണിന്റെ സുഗന്ധവും എനിക്ക് നഷ്ട്ടപെട്ടിട്ടു വർഷങ്ങളാകുന്നു.

മുത്തശ്ശിയോടൊപ്പം പറമ്പിൽ പയറും, കുരുമുളകും,കപ്പയും,ചീരയും  പറിക്കാൻ പോയിരുന്നതും, മണ്ണിൽ ചാലുണ്ടാക്കി കളിച്ചിരുന്നതും എനിക്കോർമയുണ്ട്. അന്നൊക്കെ ഒരു കടയിൽ കാണാവുന്നതിലേറെ പച്ചക്കറികൾ വീടിന്റെ പിന്നിൽ വളർന്നിരുന്നു.

ആ ദിവസങ്ങൾ തിരികെവന്നിരുനെങ്കിൽ.എത്രയെത്ര ഓർമ്മകൾ...

ആർക്കു വേണ്ടി?

എന്റെ ജീവിതത്തിൽനിന്നും ഞാൻ പഠിച്ച വലിയൊരു പാഠം - നമ്മൾ സ്നേഹിക്കുന്ന ആളുകളുടെ പുറകേ പോകുമ്പോൾ ഒരുപക്ഷെ നമുക്ക് നഷ്ട്ടപെടുന്നത് നമ്മളെ നമ്മളെക്കാൾ സ്നേഹിക്കുന്നവരെയയിരിക്കും.

അവർ പിന്നീട് ജീവിതത്തിൽ ഒരിക്കലും മരിക്കാത്ത ഒരു നീറ്റലായി മാറും...

സ്വപ്‌നങ്ങൾ

കുറച്ചു വർഷങ്ങൾക്കുമുൻപ് എന്നെ ഉറക്കംകെടുത്തിയിരുന്നത് പ്രണയമായിരുനെങ്കിൽ, ഇന്ന് അത് ഞങ്ങളുടെ സ്വപ്നങ്ങളാണ്...ഞങ്ങൾ ഒരുമിച്ചു നെയ്തുകൂട്ടിയ സ്വപ്‌നങ്ങൾ...

സമയം

ഇഷ്ടമുള്ളപ്പോൾ പറന്നകലുകയും അല്ലാത്തപ്പോൾ ഇഴഞ്ഞു നീങ്ങുഗയും ചെയ്യുന്ന ഒരു പ്രതിഭാസം.

പറന്നകലുന്ന സമയത്ത് അതിനെ പിടിച്ചു നിർത്താൻ ഒടുവിൽ ഞാൻ ഒരു വഴി കണ്ടു പിടിച്ചു. ക്ലോക്കിലെ സൂചികളെ നോക്കിയിരിക്കുക...

Thursday, 17 September 2015

ബസ്‌

കുറച്ചു ഒടിയിട്ടാനെങ്ങിലും ബസിൽ കയറി. 25 പൈസ കൊടുത്തു, 10 രൂപയുടെ തെറിയും കിട്ടി. ഇതിലും നല്ല ലാഭമുള്ള ബിസിനസ്‌ ഈ ലോകത്തുണ്ടാവില്ല.

സാരല്ല്യാ, സ്കൂളിൽലെത്താൻ വൈകാതിരുന്നാൽ മതി.

ക്ലോക്ക്

ചെറുപ്പത്തിൽ ഞാൻ ഏറ്റവും വെറുത്തു പോയ ഒരു യന്ത്രം. എത്രയോ തവണ ആ ചലിക്കുന്ന സൂചികളിൽ നോക്കി ഒന്നും മനസിലാകാതെ ഞാൻ അന്തം വിട്ടു നിന്നിട്ടുണ്ട്.

അന്ന് സ്വപ്നത്തിൽപോലും വിചാരിച്ചിട്ടില്ല സമയം നോക്കാൻ ഞാൻ ഒരിക്കൽ പഠിക്കുമെന്ന്. അത് ആലോചിക്കുമ്പോൾ തന്നെ പേടിയാകുന്നു...ഹോ!

ഹർത്താൽ

അത് എന്താണെന്നുപോലും മനസിലകാഞ്ഞ ഒരു ബാല്യകാലം. പക്ഷെ ഒരു കാര്യം എനിക്ക് അറിയാമായിരുന്നു - സുരേഷേട്ടന്റെ പെട്ടിവണ്ടി എന്നെ കാത്തു പുറത്തു ഹോണ്‍ അടിക്കില്ല. സ്കൂൾ അടവല്ലേ.

പ്രണയം

പ്രണയം - അത് എനിക്കും സംഭവിച്ചു. അങ്ങനെ ബാല്യകാല സഖി എന്‍റെ ജീവിത സഖിയായി മാറി ...

ദുഷ്ട്ടൻ

എന്‍റെ അനിയൻ - അവൻ ഒരു പാവമായിരുന്നു. എല്ലാവർക്കും തട്ടികളിക്കാനുള്ള ഒരു ജന്മം.

കളിക്കിടയിൽ അവനെ എല്ലാവരും ചേർന്ന് ദ്രോഹിക്കുന്നത് ഒരു പതിവായപ്പോൾ, അത് കണ്ടു നില്ക്കാനുള്ള  ശക്തി ഇല്ലാത്തതിനാൽ , അത് ആവർത്തിക്കാതിരിക്കാൻ, അവനെ കളിക്കാൻ കൂട്ടുന്നതിൽ നിന്ന് ഞാൻ എല്ലാവരെയും പിന്തിരിപ്പിച്ചു. അവനെ വഴക്ക് പറഞ്ഞു ഞാൻ തിരികെ വീട്ടിലേക്കു ഓടിച്ചു.

പക്ഷെ അവനു, ഞാൻ ഒരു ദുഷ്ട്ടൻ ആയി മാറി.

ഓട്ടം

നാട്ടിൽ പോയിട്ട് മാസങ്ങളായി.

അമ്മ വിളിക്കുമ്പോൾ ചോദിക്കും എന്നാണ് എന്റെ മോൻ വരുന്നത് എന്ന്. അപ്പൊ ഞാൻ എന്തെങ്കിലും പണിത്തിരക്കിലായിരിക്കും. അമ്മയോട് ദേഷ്യപ്പെട്ടു ഫോണ്‍ വെക്കും.

പാവം അമ്മ, എന്റെ സ്വരം കേൾക്കാൻ വിളിച്ചതാണ്. ഇന്നും അതൊരു നീറ്റലായി എന്‍റെ മനസിലുണ്ട്...

മഴ

ഇന്ന് ഓഫീസിൽ പോയില്ല . ജലദോഷം - സാതാരണ ഇത്രയും ദിവസം അത് നീണ്ടു നില്ക്കാറില്ല. വല്ലാത്ത ഒരു അവസ്ഥ.

നാട്ടിൽ നല്ല മഴയാണ് എന്നാണ് അച്ഛൻ വിളിച്ചപ്പോൾ പറഞ്ഞത്. പെരുമഴ !

മഴയെ ഇഷ്ട്ടമില്ലാത്തവരായി ആരുണ്ട്‌? എനിക്ക് ഇത്രയും ഇഷ്ട്ടമുണ്ടെങ്കിൽ ഗൾഫുരാജ്യങ്ങളിൽ കഴിയുന്നവരുടെ കാര്യം എന്തായിരിക്കും?

നാട്ടിലുള്ളപ്പോൾ മഴ ഒരു തലവേദനയായി തോന്നും. എന്നാൽ കുറച്ചുനാൾ മാറിനിൽക്കുമ്പോൾ നോവുള്ള ഒരു സുഖമായി, കാണാൻ കൊതിക്കുന്ന ഒന്നായി അത് മാറും.  

ജീവിതത്തിൽ എല്ലാം അങ്ങനെയാണ്. അകന്നുനില്ക്കുംബോഴേ എന്തിന്റെയും വിലയറിയു...